Dakshina Kailasam, Sree Chandrasekharapuram Temple

36 പ്രദക്ഷിണം

          പ്രദക്ഷിണനമസ്ക്കാരം ശിവനേറ്റം പ്രിയങ്കരം, പഞ്ചാക്ഷരജപം സര്‍വ്വപാപഹരം
കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്നതും പടിഞ്ഞാറുഭാഗത്തേക്ക്‌ ദര്‍ശനമേകി ധ്യാനനിമഗ്നനായിരിക്കുന്നതുമായ കൈലാസനാഥന്‍ സദാശിവമൂര്‍ത്തിയുടെ ബാണലിംഗപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണു ദക്ഷിണകൈലാസമെന്ന്‌ പുകള്‍പെറ്റ മുപ്പത്തടം ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്രം. പ്രത്യക്ഷത്തില്‍ ഒരു കുന്നിന്മുകളില്‍ സ്ഥിതി ചെയ്യുന്നതും ഹിമാലയസാനുക്കളില്‍ ഉല്‍ഭവിച്ച്‌ നദിയിലൂടെ ഒഴുകി രൂപം പ്രാപിച്ച ബാണലിംഗപ്രതിഷ്ഠയുള്ളതുമായ ഈ ശിവാലയം ശ്രീപാര്‍വ്വതീപരമേശ്വരന്മാരുടെ പുണ്യസങ്കേതമായ ശ്രീകൈലാസത്തിനോട്‌ സാമ്യപ്പെടുത്തി സദാശിവമൂര്‍ത്തിയുടെ ദക്ഷിണകൈലാസം എന്ന്‌ പുരാതനകാലം മുതല്‍ അറിയപ്പെട്ടുവന്നിരുന്ന ഈ ക്ഷേത്രം, ഇന്ന്‌, ഷഡ്ത്രിംശതി പ്രദക്ഷിണം അഥവാ 36 പ്രദക്ഷിണം എന്ന അതിവിശിഷ്ഠവും ദിവ്യവും അപൂര്‍വ്വവുമായ ശിവാരാധനാക്രമം നടന്നുവരുന്ന ഏകക്ഷേത്രം (അറിവില്‍പ്പെട്ടിടത്തോളം) എന്ന നിലയില്‍ അതിപ്രസിദ്ധമാണ്‌.

നിഗ്രഹാനുഗ്രഹശക്തിയുള്ളതും ഒരു നൂറ്റാണ്ടിലേറെയായി ഭക്തജനങ്ങള്‍ക്ക്‌ ആശ്വാസവും ആശ്രയവുമായി കുടികൊള്ളുന്നതുമായ കൈലാസപതിയുടെ ഈ ചൈതന്യത്തിന്റെ അപൂര്‍വ്വതയ്ക്ക്‌ മാറ്റ്‌ കൂട്ടുന്നതിനു വേണ്ടി എല്ലാ മലയാളമാസവും ഒന്നാം തീയ്യതി രാവിലേയും വൈകീട്ടും കൃത്യം 6 മണിക്ക്‌ നടക്കുന്ന പഞ്ചാക്ഷരജപത്തോടുകൂടിയ 36 പ്രദക്ഷിണം വളരെ പ്രസിദ്ധമാണ്‌.

വളരെക്കാലങ്ങള്‍ക്കു മുന്‍പുതന്നെ മംഗല്യസിദ്ധിക്കായി കന്യകമാര്‍ തിങ്കളാഴ്ചവ്രതമെടുത്ത്‌ 36 കൂവളത്തില സ്വയം സമാഹരിച്ച്‌, 336 പഞ്ചാക്ഷര ജപത്തോടെ 36 പ്രദക്ഷിണം ചെയ്ത്‌, 11 തിങ്കളാഴ്ചകളാവുമ്പോഴേക്കും സുമംഗലികളായത്‌ ഈ പ്രദേശത്തെ പഴയ തലമുറയിലെ സ്ത്രീകള്‍ക്കിടയില്‍ പ്രചാരമുള്ളതാണ്‌. അന്ന്‌ അത്‌ കേവലം മംഗല്യസിദ്ധിക്കുവേണ്ടി ചെയ്തിരുന്ന ഒരു ആരാധന മാത്രമായേ അവര്‍ കണ്ടിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‌ കൈലാസനാഥനെ മനസ്സില്‍ സങ്കല്‍പ്പിച്ച്‌ ഭക്തജനങ്ങള്‍ നടത്തുന്ന പ്രദക്ഷിണം, ഭൂതഗണസമേതയായി ശ്രീപാര്‍വ്വതീദേവി നടത്തുന്ന കൈലാസപരിക്രമത്തോളം ഉമാപതിക്ക്‌ പ്രിയങ്കരമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു, ഫലം വളരെ അധികവുമാണ്‌. മുജ്ജന്മസഞ്ചിതപാപപരിഹാരങ്ങള്‍, രോഗശാന്തി, ദീര്‍ഘായുസ്സ്‌, മംഗല്യസിദ്ധി, ദീര്‍ഘമംഗല്യം, ഉദ്ദിഷ്ടകാര്യലബ്ധി, ഐശ്വര്യം, അഭിവൃദ്ധി എന്നിവ ഉണ്ടാകുമെന്നാണ്‌ ഭക്തരുടെ വിശ്വാസം അതാണ്‌ അവരുടെ അനുഭവവും.

ക്ഷേത്രാരംഭം മുതല്‍ ഒവ്വ പടിത്തരം എന്നപോലെത്തന്നെ നിര്‍ദ്ദേശിക്കപ്പെട്ട ഈ ഭക്തജനസമര്‍പ്പണം ട്രസ്റ്റ്‌ രൂപീകരണശേഷം നടന്ന ദേവപ്രശ്നത്തിലൂടെ ദേവന്‌ ഏറ്റവും പ്രിയങ്കരമായത്‌ എന്ന്‌ വിധിക്കപ്പെടുകയുണ്ടായി. അതിനുശേഷമാണ്‌ എല്ലാ മലയാളമാസം ഒന്നാം തിയ്യതികളിലും രാവിലെയും വൈകീട്ടും കൃത്യം ആറുമണിക്ക്‌ എന്ന ചിട്ടപ്പെടുത്തലുണ്ടായത്‌. കൈലാസത്തിന്റെ നേര്‍ അംശം തന്നെയായ ബാണലിംഗം പ്രതിഷ്ഠയായുള്ള ഈ ദേവാലയത്തില്‍ നടക്കുന്ന 36 പ്രദക്ഷിണം ഫലത്തില്‍ ഒരു കൈലാസപരിക്രമണത്തിനു തുല്യവും ധ്യാനനിരതനായിരിക്കുന്ന കൈലാസനാഥനെ മനസ്സില്‍ സങ്കല്‍പ്പിച്ച്‌ ഭക്തജനങ്ങള്‍ നടത്തുന്ന പ്രദക്ഷിണം ഭൂതഗണസമേതയായി ശ്രീപാര്‍വ്വതീദേവി നടത്തുന്ന കൈലാസപ്രദക്ഷിണത്തോളം ഉമാപതിക്ക്‌ പ്രിയങ്കരവുമത്രെ. അതുകൊണ്ടുതന്നെ ഈ പ്രദക്ഷിണത്തിനു ഫലം വളരെയധികമാണ്‌. മുജ്ജന്മസഞ്ചിതപാപപരിഹാരങ്ങള്‍, രോഗശാന്തി, ദീര്‍ഘായുസ്സ്‌, മംഗല്യസിദ്ധി, ദീര്‍ഘമംഗല്യം, സന്താനലബ്ധി, ഉദ്ദിഷ്ടകാര്യലബ്ധി, ഐശ്വര്യം.അഭിവൃദ്ധി എന്നിവ ഉണ്ടാകുമെന്നാണു പൂര്‍വ്വസൂരികളുടെ മതം.

കലിയുഗത്തില്‍ വളരെയധികം പ്രസക്തിയുള്ള കൂട്ടനാമജപത്തിനു മഹാഭാഗ്യം ലഭിക്കുവാന്‍ എല്ല മലയാളമാസവും ഒന്നാം തീയതി നടക്കുന്ന 36 പ്രദക്ഷിണത്തില്‍ ആദ്യാവസാനം പങ്കുകൊണ്ട്‌ യഥാശക്തി കാണിക്കയര്‍പ്പിച്ച്‌ നമസ്ക്കരിച്ച്‌ ശ്രീ ചന്ദ്രശേഖരപുരത്തപ്പന്റെ അനുഗ്രഹങ്ങള്‍ക്ക്‌ പാത്രീഭൂതരാവാന്‍ ശിവനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ അറിയാം: »ക്ഷേത്രപ്രദക്ഷിണമഹാത്മ്യം

Temple Renoovation, Donate