Dakshina Kailasam, Sree Chandrasekharapuram Temple

ക്ഷേത്രചരിത്രവും മാഹാത്മ്യവും

കൊല്ലവര്‍ഷം 1067 മേടമാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച രാവിലെ പന്തളത്ത്‌ രജാവ്‌ ശ്രീ രാമവര്‍മ്മത്തമ്പുരാന്‍ ക്ഷേത്രം തന്ത്രിയും തന്റെ ആത്മസുഹൃത്തുമായ കുന്നമ്പറമ്പത്ത്‌ രാമന്‍ നമ്പൂതിരിയുമായി അപസ്മാരരോഗങ്ങളെക്കുറിച്ചും ശിവഭജനത്തെകുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുക യായിരുന്നു. നമ്പൂതിരിയുടെ കൈയിലുള്ള ശിവലിംഗം തമ്പുരാന്‍ വാങ്ങി പരിശോധിച്ചുകൊണ്ടിരിക്കെ ഒരു ഗോസായി കാണാന്‍ വന്നതായി കോല്‍ക്കാരന്‍ അറിയിക്കുകയും കടന്നുവരാന്‍ അനുമതി നല്‍കുകയും ചെയ്തു. ഗോസായി കടന്നുവന്ന്‌ രാജാവിനെ വന്ദിച്ച്‌ കയ്യിലുള്ള സഞ്ചിയില്‍ നിന്നും രണ്ട്‌ ശിവലിംഗങ്ങള്‍ എടുത്ത്‌ തിരുമുമ്പില്‍ വെച്ച്‌ അതിലൊന്നെടുത്ത്‌ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു. തമ്പുരാന്‍ ഒരെണ്ണമെടുത്ത്‌ പരിശോധിച്ച്‌ പ്രതിഫലം നല്‍കി സ്വീകരിച്ചു. മറ്റേ ശിവലിംഗത്തോട്‌ ആകര്‍ഷണം തോന്നിയ കുന്നമ്പറമ്പ്‌ ആഗ്രഹമറിയിച്ചതിനെത്തുടര്‍ന്ന്‌ രാജാവ്‌ പോകാനൊരുങ്ങിയ ഗോസായിയോട്‌ ആ ശിവലിംഗം കുന്നമ്പറമ്പിനു കൊടുക്കുവാന്‍ പറഞ്ഞു. ഗോസായി അപ്രകാരം ചെയ്ത്‌ സ്വയംഭൂബാണലിംഗത്തെക്കുറിച്ചു വിവരിച്ചതിനുശേഷം യാത്രയാവുകയും ചെയ്തു.

Pandalam Temple തമ്പുരാന്‍ അദ്ദേഹം വാങ്ങിയ ശിവലിംഗം കൊട്ടാരത്തിനകത്തുള്ള വിഷ്ണുക്ഷേത്രത്തിനകത്തുതന്നെ മറ്റൊരു ശ്രീകോവില്‍ പണിത്‌ പ്രതിഷ്ഠിച്ചു. ഇപ്പോഴും ശബരിമലയ്ക്കു പോകുന്ന ഭക്തര്‍ കൊട്ടാരാത്തിലെത്തി വിഷ്ണുവിനെയും സദാശിവനെയും വന്ദിച്ചുവരുന്നു. കുന്നമ്പറമ്പ്‌ തനിക്ക്‌ ലഭിച്ച അപൂര്‍വസൗഭാഗ്യം സ്വന്തം ഇല്ലത്തെത്തി മറ്റ്‌ തേവാരങ്ങള്‍ക്കൊപ്പം വച്ച്‌ സേവിക്കാന്‍ തുടങ്ങി. എന്നാല്‍ അധികകാലം കഴിയും മുന്‍പ്‌ ശിവചൈതന്യം ഇരുന്ന ഭാഗം അഗ്നിക്കിരയായി. പ്രസിദ്ധ ജ്യോതിഷി തലക്കുളത്തു ഭട്ടതിരിയെ ചെന്നു കണ്ടു രാശി വച്ചു നോക്കിയപ്പോള്‍ ഭഗവാന്‍ ശിവശങ്കരന്റെ ഈ സാന്നിധ്യം ബ്രഹ്മാലയത്തില്‍ വച്ചു പൂജിക്കേണ്ടതല്ലെന്നും ദേവാലയത്തിലേക്ക്‌ മാറ്റി പ്രതിഷ്ഠിച്ച്‌ പൂജിക്കണമെന്നും കണ്ടതിനാല്‍ എല്ലാവരോടും ആലോചിച്ചതിനുശേഷം തല്‍ക്കാലത്തേക്ക്‌ സ്വന്തം ഊരാണ്മയിലുള്ളതും തൊട്ടടുത്തുള്ളതുമായ കൈനിക്കര ക്ഷേത്രത്തിലെ മുളയറയില്‍ വച്ചു പൂജിക്കാനാരംഭിച്ചു.

പതിവായി പൂജ, ധാര, പുഷ്പാഞ്ജലി എന്നിവ നടത്തിവന്നിരുന്നു. അധികകാലം കഴിയും മുന്‍പ്‌ തുലാമാസത്തിലെ ഒരു ദശമി ദിവസം രാവിലെ തലേന്നത്തെ നവമി വേദാരാധന കഴിഞ്ഞ്‌ മറ്റ്‌ ഊരാണ്മക്കാരോടൊപ്പം അമ്പലത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുളയറയില്‍ അഗ്നി പടര്‍ന്നതായി കഴകം നമ്പ്യാര്‍ ഓടിവന്നറിയിച്ചു. ഇതുകേട്ട കുന്നമ്പറമ്പ്‌ ഓടിച്ചെന്ന് മുളയറയിലെ അഗ്നിക്കിടയിലേക്കൂളിയിട്ട്‌ ഭഗവാനെയുമെടുത്ത്‌ പുറത്ത്‌ കടന്നു. അതുവരെ മുളയറയിലെ ഭഗവല്‍ ‍സാന്നിധ്യത്തില്‍ സന്തോഷിച്ചിരുന്ന മറ്റ്‌ ഊരാണ്മക്കാര്‍ അഗ്നിബാധയെത്തുടര്‍ന്ന്‌ നീരസം പ്രകടിപ്പിച്ചുതുടങ്ങിയതിലുള്ള വിഷമത്തോടെ നില്‍ക്കുമ്പോള്‍ തൃക്കഴിക്കാട്ടു മഠത്തിലെ സ്വാമിയാര്‍ ദൈവേച്ഛ പോലെ അമ്പലത്തിലേക്കെഴുന്നള്ളി. ബാണലിംഗരൂപത്തിലുള്ള ഭഗവാന്‍ കൈലാസ മൂര്‍ത്തിയെയും മാറത്തടുക്കിപ്പിടിച്ചുകൊണ്ട്‌ കുന്നമ്പറമ്പ്‌ കണ്ണീരോടെ സ്വാമിയാരോട്‌ കാര്യങ്ങളെല്ലാം വിശദീകരിച്ചു. എല്ലാം ശ്രവിച്ച സ്വാമിയാര്‍ ' ശിവലിംഗം ഞാന്‍ സൂക്ഷിച്ചുകൊള്ളാം, മറ്റ്‌ സൗകര്യമുണ്ടായാല്‍ അറിയിക്കൂ' എന്നരുളിച്ചെയ്ത്‌ ഇരുകൈകള്‍ കൊണ്ടും ഭഗാവാനെ സ്വീകരിച്ച്‌ കൈനിക്കരയപ്പനെ ദര്‍ശനവും ചെയ്ത്‌ തിരിച്ചെഴുന്നള്ളി.

Chandrasekharapuram Temple ആറുമാസത്തിനുശേഷം, വേണ്ട സഹായം ചെയ്തുകൊടുക്കണമെന്നറിയിച്ചു കൊണ്ടുള്ള ഇടപ്പള്ളി രാജാവിന്റെ എഴുത്തുമായി, പേരണ്ടൂര്‍ ക്ഷേത്രത്തിനടുത്തുള്ള കൃഷ്ണത്ത്‌ പുത്തന്‍ വീട്‌ എന്ന ചെറ്റയ്ക്കല്‍ കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ കുന്നമ്പറമ്പത്തെത്തി. സ്ത്രീസന്താനമില്ലാത്തതിനാല്‍ തലമുറയുടെ നിലനില്‍പ്പില്‍ ആശങ്ക പൂണ്ട അവര്‍ തലക്കുളത്തു ഭട്ടതിരിയെക്കണ്ട്‌ പരിഹാരം തേടിയപ്പോള്‍ സന്താനയോഗമുണ്ടാവാനായി ഒരു ശിവക്ഷേത്രം പണിത്‌ നിത്യനിദാനം, ഉത്സവം, ആട്ടവിശേഷം, മാസവിശേഷം എന്നിവ ഏര്‍പ്പാടാക്കണമെന്നു നിര്‍ദ്ദേശിക്കുകയും ആയതിനു കുന്നമ്പറമ്പിനെ സമീപിച്ചാല്‍ മതിയെന്നു പറയുകയും ചെയ്തു. അതിന്‍പ്രകാരമാണു രാജാവിന്റെ എഴുത്തുമായി അവര്‍ വന്നത്‌. രാമന്‍ നമ്പൂതിരി ഭജനയ്ക്കായി വൈക്കത്ത്‌ പോയ സമയമായതിനാല്‍ ജ്യേഷ്ഠന്‍ പരമേശ്വരന്‍ നമ്പൂതിരി അവരെ അങ്ങോട്ടയക്കുകയും അവര്‍ വൈക്കത്തപ്പന്റെ സന്നിധിയില്‍ വെച്ച്‌ രാമന്‍ നമ്പൂതിരിയെക്കണ്ട്‌ അനുമതി വാങ്ങുകയും ചെയ്തു. ക്ഷേത്രദര്‍ശനങ്ങളും യാത്രകളും കഴിഞ്ഞ്‌ തിരിച്ചു കടവിറങ്ങിയ രാമന്‍ നമ്പൂതിരിയെ എതിരേറ്റത്‌ ക്ഷേത്രം പണിക്കാവശ്യമായി ഇറക്കിയ മരങ്ങളായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട്‌ അമ്പലം പണിതു പൂര്‍ത്തിയാക്കി. മഠത്തില്‍ ചെന്നു സ്വാമിയാരെ കണ്ട്‌ വിവരം ധരിപ്പിച്ച്‌ സര്‍വ്വമംഗളങ്ങളും ഉണ്ടാകട്ടെയെന്ന അനുഗ്രഹവും സ്വീകരിച്ചു ശിവലിംഗം തിരികെ കൊണ്ടുവന്ന്‌ കുന്നമ്പറമ്പത്ത്‌ പരമേശ്വരന്‍ നമ്പൂതിരിയുടെ (കാരണവരുടെ മകന്‍) താന്ത്രികത്വത്തില്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു. അന്നുമുതല്‍ കൈലാസപതിയുടെ മുപ്പത്തടത്തെ സാന്നിദ്ധ്യം ശ്രീചന്ദ്രശേഖരപുരത്തപ്പന്‍ എന്നും ക്രമേണ അമ്പലം ദക്ഷിണകൈലാസം എന്നും അറിയപ്പെട്ടുതുടങ്ങി.

സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം കൈനിക്കര അമ്പലത്തിലെ‍ മുളയറ പുതുക്കിപ്പണിയുകയും ശ്രീകോവില്‍ ചെമ്പടിക്കുകയും ചെയ്തുകൊടുക്കുകയുണ്ടായി. മകരമാസത്തിലെ തിരുവാതിര കൊടിയേറ്റമായി ഉത്സവം നിശ്ചയിക്കപ്പെട്ടു. വലിയവിളക്കുദിവസം കൈനിക്കരയപ്പനു പാല്‍പ്പായസവും നാട്ടുകാര്‍ക്ക്‌ കൊടിമരം കൊണ്ടുവരുന്നതിലെക്കായി സദ്യയും നടത്തണമെന്നും നിശ്ചയിച്ചു. നിത്യനിദാനവും ഉത്സവവും നടത്താനായി ചെറ്റക്കല്‍ കുടുംബത്തില്‍ നിന്നും സ്വത്തുകള്‍ നീക്കിവെക്കുകയും ഉത്സവം ഭംഗിയായി നടത്തിവരികയും ചെയ്തിരുന്നു. മുപ്പത്തടം കരയിലെ എല്ലാ ക്ഷേത്രോത്സവങ്ങളുടേയും ആരംഭം കുറിക്കുന്നത്‌ ചന്ദ്രശേഖരപുരത്തപ്പന്റെ ഉത്സവത്തോടുകൂടിയാണ്‌.

പിന്നീട്‌, 1970 മെയ്‌ മാസത്തില്‍ ശ്രീ ചിന്മയാമിഷന്‍ പ്രവര്‍ത്തകര്‍ ശ്രീ അമ്പാട്ടുവീട്ടില്‍ രാമകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പുനരുദ്ധാരണം നടത്തുകയും പ്രശ്നവിധിപ്രകാരം പുലിവാഹനനായ അയ്യപ്പന്റേയും ഭുവനേശ്വരിയുടേയും നാഗദൈവങ്ങളുടേയും പ്രതിഷ്ഠ നടത്തുകയും ഉണ്ടായി. ഭാഗവതഹംസം ബ്രഹ്മശ്രീ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ നടത്തിയ ഭാഗവത സപ്താഹത്തിനിടയില്‍ അദ്ദേഹത്തിനുണ്ടായ ഭഗവദനുഗ്രഹത്തെക്കുറിച്ചു പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. ഇന്ന്‌ ട്രസ്റ്റിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളിലൂടെ അമ്പലം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു.

2010 മുതല്‍ ആണ്ടുവിശേഷമായ തിരുവുത്സവം ധനുമാസത്തിലെ തിരുവാതിരനാളില്‍ കൊടിയേറി ആറാം നാളില്‍ ആറാട്ടോടുകൂടി സമാപിക്കുന്നതിനായി അനുജ്ഞ വാങ്ങി നടത്തിവരുന്നു.

* തന്ത്രിയും രക്ഷാധികാരിയുമായ ബ്രഹ്മശ്രീ കെ.പി. പരമേശ്വരന്‍ നമ്പൂതിരിയുടെ വാക്യങ്ങളിലൂടെയാണ്‌ ക്ഷേത്രചരിത്രം ഇവിടെ കുറിച്ചിരിയ്ക്കുന്നത്.
Temple Renoovation, Donate